വികസന കാഴ്ചപ്പാട്

ചിറക്കര ഗ്രാമപഞ്ചായത്ത് - വികസന കാഴ്ചപ്പാട്

കൃഷിയും വ്യവസായവും കോർത്തിണക്കിയുള്ള വില്ലേജ് ടൂറിസം മുന്നേറ്റം

കൊല്ലം ജില്ലയിലെ ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് 2005 ലാണ് വിഭജിച്ച് ചിറക്കര ഗ്രാമപഞ്ചായത്ത് രൂപീകരിച്ചത്. പ്രകൃതി വിഭവങ്ങൾ കൊണ്ട് അനുഗ്രഹീതമായ ഐതിഹ്യവും ചരിത്രവും ഉറങ്ങുന്ന കർഷകരും കശുവണ്ടി തൊഴിലാളികളും അധിവസിക്കുന്ന ഒട്ടനവധി ടൂറിസം സാധ്യതകൾ ഉള്ള ഗ്രാമപഞ്ചായത്തിന്റെ വികസന കാഴ്ചപ്പാടുകൾ ചിറക്കരയിൽ കൃഷിയും വ്യവസായവും കോർത്തിണക്കി "വില്ലേജ് ടൂറിസം" നടപ്പിലാക്കുമെന്ന ലക്ഷ്യത്തോടെയുള്ളതാണ്. ചിറക്കര ഗ്രാമപഞ്ചായത്തിൽ കൃഷിയും വ്യവസായവും കോർത്തിണക്കി വില്ലേജ് ടൂറിസവും സാമൂഹ്യക്ഷേമ ആരോഗ്യ വിദ്യാഭ്യാസ പശ്ചാത്തല മേഖലകളിൽ വലിയ മാറ്റത്തിനൊരുങ്ങുന്നു; ഗ്രാമപഞ്ചായത്തിന്റെ ആദ്യ യോഗത്തിൽ തന്നെ ടൂറിസം വില്ലേജ് നടപ്പിലാക്കാനുള്ള തീരുമാനങ്ങൾ എടുത്തു കഴിഞ്ഞു. മാലാകായൽ കണ്ടൽകാടുകളിലെ ടൂറിസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് പ്രൊമോട്ട് ചെയ്യാനും കണ്ടൽകാടുകളിലേക്ക് പോകുന്ന കടവുകളിൽ അടിസ്ഥാന സൗകര്യങ്ങളും ടൂറിസ്റ്റുകൾക്കായി അത്യാധുനിക സൗകര്യങ്ങളും സ്വകാര്യ സംരംഭകരെ ഉൾപ്പെടുത്തി ടൂറിസ്റ്റ് ഹോമുകളും വീടുകളിൽ ഹോംസ്റ്റേക്ക് ലൈസൻസും നൽകിക്കൊണ്ട് ഹോംസ്റ്റേ സൗകര്യവും പോളച്ചിറയിൽ പക്ഷി നിരീക്ഷണത്തിനായി ടവറുകളും പോളച്ചിറയുടെ 7 കിലോമീറ്റർ ചുറ്റിലും ഉള്ള ബണ്ട് റോഡിൽ സൈക്ലിംഗ്, കാൽനടപാതയും പാതയുടെ ഇരുവശങ്ങളിലും പൂന്തോട്ടവും മണ്ണാത്തിപ്പാറയിൽ പഞ്ചപാണ്ഡവരുടെയും പാഞ്ചാലിയുടെയും മണ്ണാത്തിയുടെയും ശില്പവും പാർക്കും കേരളഗാമ പട്ടം നേടിയ ഗുസ്തി ഇതിഹാസവും സിനിമ നടനുമായ പോളച്ചിറ രാമചന്ദ്രന്റെ ഓർമ്മയ്ക്കായി സാംസ്‌കാരിക നിലയവും ഗുസ്തി പരിശീലന കേന്ദ്രവും പോളച്ചിറയിൽ റോപ്പ് വേ, കയാക്കിങ്, കുട്ടവഞ്ചി, പോളച്ചിറയുടെയും മാലാകായലിന്റെയും കരകളിൽ ഫുഡ്‌കോർട്ടുകളും വിശ്രമകേന്ദ്രങ്ങളും കുടുംബശ്രീയെ ഉൾപ്പെടുത്തി ആരംഭിക്കും. രാവണൻപൊയ്കയിൽ രാവണന്റെ പ്രതിമയും പാർക്കും നിർമ്മിക്കും, രാവണൻ പൊയ്കയിലെ പൊയ്കകൾ കേന്ദ്രീകരിച്ച് നാച്ചുറൽ പാർക്ക് നിർമ്മിക്കും, ആയിരവില്ലിപ്പാറ വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് പാർക്ക് നിർമ്മിക്കും. ചിറക്കരയിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹാർലാൽ നെഹ്‌റുവിനെ വിസ്മയിപ്പിച്ച പ്രശസ്തനായ കഥകളി നടൻ ചിറക്കര മാധവൻകുട്ടിയുടെ പേരിൽ കഥകളി പഠന കേന്ദ്രവും സാംസ്‌കാരിക കേന്ദ്രവും നിർമ്മിക്കാനും ഐതിഹ്യങ്ങളിലും മണിപ്രവാള കൃതികളായ ഉണ്ണിനീലിസന്ദേശത്തിൽ പ്രതിപാദിച്ചിട്ടുള്ള നിറഞ്ഞു നിൽക്കുന്ന ബി.സി. 3-ആം നൂറ്റാണ്ടിൽ നിർമിച്ച ചേര/ചോള/ദേശിഗ/പാണ്ഡ്യ സാമ്രാജ്യങ്ങളുമായി ബന്ധമുള്ള ഭാരതത്തിലെ ഏറ്റവും നീളം കൂടിയ കളരി ക്ഷേത്രമായ ചിറക്കര ക്ഷേത്രം ലോകശ്രദ്ധയിലേക്ക് കൊണ്ടുവരാനും ചിറക്കര ക്ഷേത്രത്തിന് സമീപം ചിറക്കരയുടെ പുരാതന ആയോധന സമ്പ്രദായമായ കളരി പരിശീലന കേന്ദ്രം സ്ഥാപിക്കാനും ചിറക്കരത്താഴത്ത് ശ്രീനാരായണഗുരു വന്ന് സ്നാനം ചെയ്ത് ധ്യാനത്തിലിരുന്ന പൊയ്കയിൽ തീർത്ഥകുളം നവീകരിച്ച് ധ്യാനത്തിലിരുന്ന ഇടത്ത് ധ്യാനമണ്ഡപം സ്ഥാപിക്കാനും വിളപ്പുറത്ത് പ്രശസ്ത കവി ചാത്തന്നൂർ മോഹന്റെ സ്മാരകം നിർമ്മിക്കാനും വിഭാവന ചെയ്യുന്നു. ചിറക്കര, ഉളിയനാട്, കുഴുപ്പിൽ ഏലകളിൽ നെൽകൃഷി മുടക്കം കൂടാതെ തുടങ്ങാനും പോളച്ചിറയിൽ ഒരു മീനും ഒരു നെല്ലും പദ്ധതി നടപ്പിലാക്കാനും തരിശ് ഭൂമികൾ ഏറ്റെടുത്ത് തൊഴിലുറപ്പ് പദ്ധതി സഹായത്തോടെ പയർവർഗ്ഗ, കിഴങ്ങുവർഗ്ഗ കൃഷികൾ പ്രോത്സാഹിപ്പിക്കാനും മാലാകായൽ പോളച്ചിറ കേന്ദ്രീകരിച്ച് ടൈഗർ, വനാമി കൊഞ്ചുകൃഷി, കരിമീൻ കൃഷി, കാർപ്പ് മത്സ്യങ്ങൾ, നാടൻ മത്സ്യങ്ങൾ, മത്സ്യക്കൂട് കൃഷി തുടങ്ങിയവ തുടങ്ങാനും മത്സ്യക്ലബ്ബ് തുറന്ന് പ്രവർത്തിപ്പിക്കാനും ഉൾനാടൻ മത്സ്യകൃഷിക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കാനും ചിറക്കര ബ്രാൻഡിൽ അരി, കിഴങ്ങ് വർഗ്ഗങ്ങൾ, പയർ വർഗ്ഗങ്ങൾ, ചെമ്മീൻ, കരിമീൻ, കാർപ്പ്, നാടൻ മത്സ്യങ്ങൾ തുടങ്ങിയവ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാനും നിലവിലുള്ള പൊതുമാർക്കറ്റുകൾ തുറന്ന് പ്രവർത്തിപ്പിക്കാനും പുതിയത് തുടങ്ങാനും പഞ്ചായത്ത് തലത്തിൽ ബ്രാൻഡ് ഉൽപ്പന്നങ്ങൾക്കായി മിനി സൂപ്പർ മാർക്കറ്റുകൾ തുടങ്ങാനും പോളച്ചിറയുടെ കരയിൽ കിൻഫ്ര ഏറ്റെടുത്ത സ്ഥലത്ത് വ്യവസായിക ഐടി പാർക്ക് ആരംഭിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തി പദ്ധതി നടപ്പിലാക്കും. രാവണൻപൊയ്കയിൽ ചിറക്കര ഗ്രാമപഞ്ചായത്ത് കുടിവെള്ള പദ്ധതിക്കായി പഴയ പദ്ധതി നവീകരിച്ച് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമിച്ച് പദ്ധതി ആരംഭിക്കാനും വനിത ശിശു ഭിന്നശേഷി വയോജന ജെൻഡർ സൗഹൃദ പഞ്ചായത്ത് ആക്കുന്നതിനും ബഡ്‌സ് സ്കൂൾ, റീഹാബിലിറ്റേഷൻ സെന്റർ, പകൽവീട് എന്നിവയ്ക്ക് കൂടുതൽ സംവിധാനങ്ങൾ കൊണ്ടുവരാനും മാലിന്യ സംസ്കരണത്തിനായി പുതിയ പദ്ധതികൾ ആരംഭിക്കാനും ഹരിതകർമ്മസേന കളക്റ്റ് ചെയ്യുന്ന പ്ലാസ്റ്റിക് ഉപയോഗിച്ച് ഉത്പന്നങ്ങൾ നിർമ്മിക്കാനും ആരോഗ്യസേന രൂപീകരിക്കാനും ആരോഗ്യരംഗത്ത് പാലിയേറ്റീവ് സെന്റർ സ്ഥാപിക്കാനും പി.എച്ച്.സി ഫാമിലി ഹെൽത്ത് സെന്റർ ആയി ഉയർത്താനും ആധുനിക സൗകര്യങ്ങൾ ലഭ്യമാക്കാനും നെടുങ്ങോലം മേഖലയിൽ പുതിയ സബ്സെന്റർ ആരംഭിക്കാൻ എൻ.എച്ച്.എം-ന് അപേക്ഷ നൽകാനും ആയുർവേദ മരുന്ന് നിർമ്മാണത്തിനായി ഔഷധസസ്യകൃഷി ആരംഭിക്കാനും കഷായ നിർമ്മാണം അടക്കമുള്ള പദ്ധതികൾ ആരംഭിക്കാനും ഹോമിയോ മേഖലയിൽ വിവിധ പദ്ധതികൾ ആരംഭിക്കാനും വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികൾക്കായി എഡ്യൂക്കേഷൻ ഐടി ലൈബ്രറികൾ ആരംഭിക്കാനും കൂടുതൽ ലൈബ്രറികൾ ആരംഭിക്കാനും ലൈബ്രറികളെ ഐടി നിലവാരത്തിലേക്ക് ഉയർത്തി ഇ-ലൈബ്രറി സംവിധാനം ആരംഭിക്കാനും ക്ലബ്ബുകളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിനും സ്പോർട്സ് ഉപകരണങ്ങളും കളിസ്ഥലങ്ങളും ഗ്രൗണ്ടുകളും നിർമ്മിക്കാനും അത്‌ലറ്റിക്സ്, ഗെയിംസ് പരിശീലനം സംഘടിപ്പിക്കാനും ലഹരി നിർമാർജ്ജനം ചെയ്യാനുള്ള പ്രവർത്തനത്തിനായി ക്ലബ്ബുകളെ പ്രാപ്തമാക്കാനും ഗ്രാമീണ റോഡുകൾ പുനർനിർമ്മിക്കാനും പുതിയത് നിർമ്മിക്കാനും തെരുവ് വിളക്കുകളും ക്യാമറകളും മെയിന്റനൻസ് നടത്തുന്നതിനും പുതിയത് സ്ഥാപിക്കാനും കൃഷിയിടങ്ങൾ നശിപ്പിക്കുന്ന പന്നികളെ നശിപ്പിക്കുന്നതിന് ഷൂട്ടർമാരെ ഏർപ്പെടുത്താനും ചിറക്കരത്താഴം, ചിറക്കര ക്ഷേത്രം കേന്ദ്രീകരിച്ച് പഞ്ചായത്തിന്റെ എല്ലാ ഭാഗത്തേക്കുമുള്ള ബസ് സർവീസുകൾ ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി-യും ഗ്രാമവണ്ടിയും ആരംഭിക്കാനും ഗ്രാമപഞ്ചായത്തിലെ പട്ടികജാതി ഉന്നതികളുടെ പുനർനിർമ്മാണത്തിനായി പ്രത്യേക പദ്ധതികൾ ഏറ്റെടുക്കാനും 2026/2027 പദ്ധതിയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും വ്യവസായ ധനകാര്യ സ്ഥാപനങ്ങളുടെയും CSR ഫണ്ടുകളും ഉപയോഗിച്ച് പദ്ധതികൾ തുടങ്ങാൻ ശ്രമിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് കൃഷ്ണൻ പറഞ്ഞു.