ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
2025 സെപ്റ്റംബർ 1 ന് കൊല്ലം ജില്ലയിലെ ചാത്തന്നൂർ പഞ്ചായത്ത് വിഭജിച്ചാണ് ചിറക്കര ഗ്രാമപഞ്ചായത്ത് രൂപംകൊണ്ടത്. വടക്ക് ചാത്തന്നൂർ ഗ്രാമപഞ്ചായത്തും കിഴക്ക് കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തും തെക്ക് പൂതക്കുളം പരവൂർ പ്രദേശങ്ങളും പടിഞ്ഞാറ് ഇത്തിക്കരയാറും കണ്ടൽക്കാടുകളും ചേരുന്നതാണ് അതിരുകൾ.
പുരാതന കാലഘട്ടങ്ങളിൽ ആരംഭിക്കുന്ന സമ്പന്നമായ സാമൂഹിക കലാസാംസ്‌കാരിക ചരിത്രത്തിൽ അഭിമാനം കൊള്ളുന്ന പ്രദേശമാണ് ചിറക്കര. നൂറ്റാണ്ടുകൾ നീളുന്ന ഐതീഹ്യത്തിന്റെ ശേഷിപ്പുകൾ പേറുന്ന ചരിത്രം ചിറക്കരയിലുണ്ട്. സംഘകാല ചരിത്രത്തിൽ പരാമർശിച്ചിട്ടുള്ള ദേശിംഗനാടിൻ്റെ ഭാഗമായിരുന്നു ഇന്നത്തെ ചിറക്കര. ഈ പ്രദേശം കൊല്ലം പട്ടണത്തിൽ നിന്നും പതിനെട്ട് കിലോമീറ്റർ തെക്ക് കിഴക്കായി ദേശീ യ പാത 66 ന്റെ തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്നു.
ചിറക്കരയുടെ ഐതീഹ്യം ആരംഭിക്കുന്നത് ത്രേതായുഗത്തിലാണ്. രാവണൻ ശ്രീപരമേശ്വരനെ പ്രസാദിപ്പിക്കുന്നതിനായി തപസ്സിനായി കുന്നുകളും അരുവികളും തൂമ്പുകളും സ്‌ഥിതി ചെയ്യുന്ന രാവണൻ പൊയ്‌കയിൽ തപസ്സ് അനുഷ്‌ഠിച്ചു എന്നും ശിവൻ ഗുരുനാഗപ്പരൂപത്തിൽ ദർശനം നൽകിയെന്നും ഐതിഹ്യം പറയുന്നു. ദ്വാപര യുഗത്തിൽ പഞ്ചപാണ്‌ഡവർ താമസിച്ചതായി കരുതുന്ന കാടിച്ചിറയും (പോളച്ചിറ) അതിനു സമീപമുള്ള മണ്ണാത്തിപ്പാറയും അതിൻ്റെ തിരുശേഷിപ്പുകളായി കരുതുന്നു.
ബിസി മൂന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച പുരാതനമായ ചിറക്കര ക്ഷേത്രം ചോളചേര പാണ്ഡ‌്യ ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു. എ.ഡി പതിമൂന്നാം നൂറ്റാണ്ടിൽ രചി ച്ച മണിപ്രവാള കൃതിയിലെ മുഖ്യ കാവ്യമായ ഉണ്ണുനീലി സന്ദേശം എന്ന കാവ്യ സൃഷ്ടി യിലെ ചിറക്കര ഭഗവതി ക്ഷേത്രത്തെ കുറിച്ചുള്ള പരാമർശം ചിറക്കരയുടെ ഐതി ഹ്യ ചരിത്രത്തെ മികവുറ്റതാക്കുന്നു. ചോള രാജവംശത്തിൻ്റെ ഭാഗമായിരുന്ന മലബാർ പ്രദേശത്ത് നിന്ന് എത്തിയ യോദ്ധാവിന് കളരി നിർമ്മിക്കാനും സേന രൂപീകരിക്കാനും ദേശിംഗനാട് രാജാവ് കരം ഒഴിവായി പതിനായിരം ഏക്കർ പ്രദേശത്ത് ചിറയുടെ കര യിൽ നൽകി എന്നും 10000 പണം കളരിക്കും സേന രൂപീകരണത്തിനും നൽകി എന്നും ചരിത്രം പറയുന്നു. അവിടെ അദ്ദേഹം കളരിയും ചിറക്കരക്ഷേത്രവും നിർമ്മിച്ചു എന്നും രാജവാഴ്‌ച അവസാനിപ്പിച്ചിട്ടും ചിറക്കരക്ഷേത്രത്തിന് ഇപ്പോഴും പ്രതിവർഷം 10000/ രൂപ റവന്യൂവിൽ നിന്ന് ലഭിക്കുന്നുണ്ട്. നെടുംകൊല്ലം (ഇന്നത്തെ നെടുങ്ങോലം) വ്യാപാര സാധനങ്ങൾ കയറ്റി അയച്ചിരുന്ന സ്‌ഥലമാണ് എന്നു കരുതുന്നു.
ആധുനിക ചിറക്കര കലാകായിക സാംസ്‌കാരിക രംഗങ്ങളുടെ ഈറ്റില്ലമായി മാറി. ചിറക്കരയുടെ സാമൂഹിക സാംസ്‌കാരിക കായിക രംഗങ്ങളിലെ തുടക്കക്കാരായിരുന്നു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി നെഹ്റുവിനെ വിസ്‌മയിപ്പിച്ച കഥകളി നടൻ ചിറക്കര മാധവൻകുട്ടി. കേരളഗാമപട്ടം നേടിയ ഗുസ്‌തി താരവും സിനിമാ നടനും ആയ പോളച്ചിറ രാമചന്ദ്രൻ, ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായിരുന്ന മണ്ണടി കൃഷ്‌ണപിള്ള തുടങ്ങിയവർ,
കേരളത്തിന്റെ കായിക ചരിത്രത്തിൽ അതി പ്രധാന സ്‌ഥാനമുള്ള ചിറക്കര മല്ലയുദ്ധ ത്തിന്റെ ഈറ്റില്ലമായിരുന്ന ഗുസ്‌തി പിടിത്തത്തിൻ്റെ ആസ്ഥാനമായ ഇവിടെ പലസ്ഥലങ്ങളിലും ഗുസ്തി പരിശീലിപിപ്പിക്കുന്ന കളരികൾ ഉണ്ടായിരുന്നു. പ്രശസ്‌തരായ മല്ല യുദ്ധ കേസരികളിൽ പലരും ഈ കളരികളിൽ വന്ന് താമസിക്കുകയും പ്രകടനം കാഴ്ച്‌ചവയ്ക്കുകയും ചെയ്‌തിട്ടുണ്ട്. ആചാരാനുഷ്ടാനങ്ങളുടെ ഭാഗമായി നൂറ്റാണ്ടുകളായി ഉളള കമ്പടി കളി, തെയ്യം, കളരി, കഥകളി, കതിരു കാള, നെടും കുതിരയെടുപ്പ്, മരമടി, ഗുസ്‌തി എന്നീ പ്രചീന കലകൾ ഇന്നും ചിറക്കരയുടെ പൈതൃക സമ്പത്താണ്.
ചിറക്കരയിൽ കലാകായിക സാംസ്‌കാരിക സംഘടനകൾ നിരവധി ഉണ്ട്. അവരുടെ ശിക്ഷണത്തിലൂടെ നിരവധി പ്രതിഭകൾ ദേശീയസംസ്‌ഥാന ടീമുകളിൽ ഇടം നേടുകയും നിരവധി പ്രതിഭകൾക്ക് കേന്ദ്ര സംസ്ഥാന സർവ്വീസുകളിൽ ജോലി ലഭിക്കുകയും ചെയ്തതിട്ടുണ്ട്. ഇവരെ പ്രാപ്‌തരാക്കിയ സംഘടനകളുടെ പ്രവർത്തനം പ്രശംസനീയമാണ്.
അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ ജനവികാരത്തിന് തിരികൊളുത്തി സാമൂഹിക സമത്വത്തിന് വേണ്ടി വാദിച്ച ചട്ടമ്പിസ്വാമികൾ, അയ്യംകാളി, ശ്രീനാരായണ ഗുരു എന്നിവരുടെ ആധുനിക നവോത്ഥാന നേതൃത്വം ചിറക്കരയിലും മാറ്റത്തിന്റെ ശംഖൊലി തീർത്തു. ശ്രീനാരായണഗുരു ചിറക്കരയിൽ നിരവധി ഇടങ്ങളിൽ സന്ദർശി ക്കുകയും താമസിക്കുകയും നവോത്ഥാനത്തിൻ്റെ വിശാലമായ ലോകത്തിന്റെ വാതിൽ ചിറക്കരയ്ക്ക് മുന്നിൽ തുറന്നിടുകയും ചെയ്‌തു. അദ്ദേഹം ചിറക്കരയിലെത്തുമ്പോൾ സ്‌നാനം ചെയ്യുകയും ധ്യാനത്തിലിരിക്കുകയും ചെയ്യുന്ന ചിറക്കരത്താഴം പൊയ്‌കയിൽ കുളവും പ്രദേശങ്ങളും അതിനുദാഹരണമാണ്. വൈദേശിക ഭരണത്തിന് എതിരായി ഉയർന്നു വന്ന ദേശീയ പ്രക്ഷോഭങ്ങളുടെ മുൻ നിരയിലും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളി ലും ഐ.എൻ.എ യിലും പ്രവർത്തിച്ച നിരവധി ആളുകൾ ചിറക്കരക്കാരായി ഉളളതും അഭിമാനമാണ്.
പ്രകൃതി കനിഞ്ഞു നൽകിയ ഭൂസമ്പത്തും പ്രകൃതി സൗന്ദര്യവും ജലാശയങ്ങളും ഉൾപ്പെട്ടതാണ് ചിറക്കരയുടെ ഭൂപ്രകൃതി. കൃഷി മുഖ്യ ഉപജീവനമാർഗ്ഗമായ ഈ പ്രദേശത്ത് പരമ്പരാഗത വ്യവസായങ്ങളായ കൈത്തറി, കയർ, കശുവണ്ടിസംസ്കരണം തുടങ്ങിയവ ചെറുകിടവ്യവസായങ്ങളായി നിലവിലുണ്ട്. ഇത്തിക്കരയാറും മാലാക്കായലും അതിനോടനുബന്ധിച്ചുള്ള കണ്ടൽക്കാടും വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രധാനകേന്ദ്രങ്ങളായി മാറിയിട്ടുണ്ട്.